മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്താണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടതെന്ന് വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ച് പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്‌ഥലത്തായിരുന്നു ജഡം. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചത്തെന്നാണ് സംശയം.
വനംവകുപ്പ് ഉദ്യോഗസ്‌ഥർ കണ്ടപ്പോൾ കടുവ അവശ നിലയിലായിരുന്നു. ഇതോടെ, മയക്കുവെടി വെയ്‌ക്കാനുള്ള ഉദ്യോഗസ്‌ഥരെ വരുത്തി. എന്നാൽ, അവരെത്തി മയക്കുവെടി വെയ്‌ക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോഴേക്കും കടുവ ചത്തിരുന്നു. കടുവയുടെ ശരീരത്തിൽ മുറിപ്പാടുകൾ എങ്ങനെ ഉണ്ടായെന്ന് സ്‌ഥിരീകരിക്കേണ്ടതുണ്ട്. പോസ്‌റ്റുമോർട്ടം ഇന്ന് തന്നെ നടത്തും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനംവകുപ്പ് കടുവയ്‌ക്കായുള്ള തിരച്ചിലിൽ ആയിരുന്നു. കടുവയെ വെടിവെച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദി ജി കൃഷ്‌ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള എട്ടുപേർ അടങ്ങുന്ന പത്ത് ടീമുകളായി 80 പേരാണ് രാവും പകലും പട്രോളിങ് നടത്തിയത്. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും