കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ രണ്ടാംഘട്ട (എ) അന്തിമപട്ടികയ്‌ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം. 87 പേരുടെ അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
നോ ഗോ സോൺ പരിധിയിൽപ്പെട്ടതും നാശനഷ്‌ടം സംഭവിച്ചിട്ടില്ലാത്തതുമായ വീട്ടുടമസ്‌ഥർ, വാടകയ്‌ക്ക് താമസിച്ചിരുന്ന ദുരന്ത ബാധിതർ, പാടികളിൽ താമസിച്ചിരുന്നവർ എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
വാർഡ് പത്തിൽ കരട് ലിസ്‌റ്റിൽ ഉൾപ്പെട്ടിരുന്ന 42 പേരും, ആക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ ഉൾപ്പെടുത്തിയ രണ്ടുപേരും അടക്കം 44 പേരും, വാർഡ് 11ൽ കരട് ലിസ്‌റ്റിൽ ഉൾപ്പെട്ട 29 പേരും, ആക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ ഉൾപ്പെടുത്തിയ രണ്ടുപേരും അടക്കം 31 പേരും, വാർഡ് 12ൽ കരട് ലിസ്‌റ്റിൽ ഉൾപ്പെട്ട പത്തുപേരും ആക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ ഉൾപ്പെടുത്തിയ രണ്ടു പേരുമടക്കം 12 പേരുമാണ് പട്ടികയിലുള്ളത്.
ആക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ ആറുപേരെയാണ് ഉൾപ്പെടുത്തിയത്. ഒട്ടേറെപ്പേരുടെ പരാതി തള്ളിയതായാണ് വിവരം. നോ ഗോ സോൺ പരിധിയിലായിരുന്നിട്ടും പട്ടികയിൽ ഉൾപ്പെടാത്തവരുണ്ട്. ദുരന്തബാധിതരായ എല്ലാവരെയും പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെയും കളക്‌ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. എല്ലാ പരാതികളും അനുഭാവപൂർവം പരിഹരിക്കുമെന്നാണ് മന്ത്രി രാജൻ നൽകിയ ഉറപ്പ്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































