കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നിൽ തങ്ങളുടെ നിരന്തരമായ ഇടപെടൽ കൊണ്ടാണെന്നും, ഈ റിപ്പോർട് പുറത്തെത്തിക്കാൻ ഏറെ ദൂരം സഞ്ചരിച്ചുവെന്നും സിനിമാ മേഖലയിലെ വനിതാ കൂട്ടായ്‌മയായ ഡബ്‌ളൂസിസി (വിമൻ ഇൻ കളക്‌ടീവ്). റിപ്പോർട് തയ്യാറാക്കിയ ജസ്‌റ്റിസ് ഹേമക്കും സംഘത്തിനും നന്ദി പറയുന്നതായും ഡബ്‌ളൂസിസി അറിയിച്ചു.
സിനിമാ മേഖലയിൽ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്‌ത്രീകൾക്കും നീതി തേടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന് ഡബ്‌ളൂസിസി ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ വ്യവസായത്തിൽ ലിംഗവ്യത്യാസം എങ്ങനെ പ്രകടമാകുന്നു എന്നതിന്റെ ഒരു റിപ്പോർട് സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് സംഭവിക്കുന്നത്. റിപ്പോർട് പഠിച്ചു സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്‌ളൂസിസി പ്രതികരിച്ചു.
”ഇത് ഞങ്ങൾക്ക് ഒരു നീണ്ട യാത്രയാണ്. ഇന്ന് ഞങ്ങളുടെ നിലപാട് സാധൂകരിക്കപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിട്ടത് ഡബ്‌ളൂസിസിയുടെ മറ്റൊരു ചുവടുവെപ്പാണ്. ജസ്‌റ്റിസ് ഹേമ, ശാരദ, ഡോ. വൽസല കുമാരി എന്നിവർ ഈ റിപ്പോർട് തയ്യാറാക്കാൻ ചിലവഴിച്ച മണിക്കൂറുകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. മാദ്ധ്യമങ്ങൾക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങൾക്കും എല്ലാ വനിതാ സംഘടനകൾക്കും അഭിഭാഷകർക്കും ഡബ്‌ളൂസിസിയുടെ നന്ദി. റിപ്പോർട് പഠിച്ചു സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്‌ത്രീകളുടെ ശബ്‌ദമാണ്. നിർബന്ധമായും കേൾക്കണം”- ഡബ്‌ളൂസിസി ഫേസ്ബുക്കിൽ കുറിച്ചു.
സിനിമാ മേഖലയിൽ സ്‌ത്രീകൾ നേരിടുന്നത് വ്യാപക ലൈംഗിക ചൂഷണമാണെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. അടിമുടി വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്‌ച ചെയ്യേണ്ട സ്‌ഥിതിയാണ് സ്‌ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഇതിന് ഏജന്റുമാരും ഉണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സഹകരിക്കാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളത്. സ്‌ത്രീകൾക്ക് പോലീസിൽ പരാതി നൽകാൻ കഴിയാത്ത സ്‌ഥിതിയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യൽ മീഡിയ ആക്രമണവും പരാതി നൽകാതിരിക്കാൻ കാരണമാണ്. സ്‌ത്രീകൾ മാത്രമല്ല പുരുഷൻമാരും സിനിമാ രംഗത്ത് നിശബ്‌ദരാക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടിലെ മറ്റൊരു വിമർശനം.
അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സ്‌ത്രീകൾക്ക് അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രമല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഒരാൾ മൊഴി നൽകിയിട്ടുണ്ട്. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്.
നടിമാരുടെ മുറിയിൽ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമർശനം. സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെയും കൊണ്ടുപോകേണ്ട അവസ്‌ഥയാണ്. മൂത്രം ഒഴിക്കാൻ സൗകര്യമില്ലാത്തതിനാൽ സെറ്റിൽ സ്‌ത്രീകൾ വെള്ളം കുടിക്കാതെ നിൽക്കുന്നു. പലർക്കും യൂറിനറി ഇൻഫെക്ഷൻ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായി സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ