കോഴിക്കോട്: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ഹാളിൽ വൈകിട്ട് മൂന്നിന് മന്ത്രി എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്ക് എവിടെ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇന്ന് ഉണ്ടാകും. മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും.
വനംവകുപ്പിന്റെ പുതിയ ടൈഗർ സഫാരി പാർക്ക് മലബാർ മേഖലയിൽ സ്ഥാപിക്കാനാണ് തീരുമാനം. അനുയോജ്യമായ സ്ഥലം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കണ്ടെത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ എട്ടംഗ സമിതിയെ രൂപീകരിച്ചിരുന്നു. സഫാരി പാർക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികൾക്ക് വേണ്ട നടപടികൾ ആരംഭിക്കാനും പരമാവധി നിയമതടസങ്ങൾ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനും കഴിഞ്ഞ മാസം നടന്ന യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചിരുന്നു.
സമ്മേളന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. വന്യജീവി വാരാഘോഷ സംസ്ഥാനതല മൽസര ജേതാക്കൾക്കുള്ള സമ്മാനദാനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിക്കും. മികച്ച സ്നേക്ക് റസ്ക്യൂവർക്കുള്ള ഉപഹാരം കോഴിക്കോട് മേയർ ബീന ഫിലിപ്പ് സമർപ്പിക്കും.
Most Read| യുദ്ധക്കളമായി ഇസ്രയേൽ; ഇരുഭാഗത്തുമായി കൊല്ലപ്പെട്ടത് 500ലധികം പേർ