മലപ്പുറം: കാട്ടുപന്നികളെ കെണി വെച്ചുപിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്ന ഏഴംഗ സംഘം അറസ്റ്റിൽ. നിലമ്പൂർ വനം വിജിലൻസാണ് വാണിയമ്പലം-കാളികാവ് റോഡിൽ മരുതങ്ങൽ – പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നും കാട്ടുപന്നിയിറച്ചി സഹിതം പ്രതികളെ പിടികൂടിയത്.
വാണിയമ്പലം മങ്ങുംപാടം സ്വദ്ദേശികളായ കെ വിനോദ്(41), എംവി സജീവ് (40) എം നിമേഷ്(35), കെ അനിൽകുമാർ(36), കെ വിനീഷ്(32), ഷാജി കെ കീഴാത്ര(42), ടി സന്ദീപ് തൊടിയിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നിന്നായി വേവിച്ചതും അല്ലാത്തതുമായ ആറ് കിലോയോളം കാട്ടുപന്നിയിറച്ചിയും, ഇറച്ചിവെട്ടാൻ ഉപയോഗിച്ച കത്തികളും പിടിച്ചെടുത്തു.
കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒ പി ധനേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പുലർച്ചെയോടെ വീടുകളിൽ നിന്നും പ്രതികൾ പിടിയിലായത്. കെണിയിൽ കുടുങ്ങിയ കാട്ടുപന്നിയെ എടുത്ത് വീതം വെച്ചതാണെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ ഇത് വനം വകുപ്പ് മുഖവിലക്കെടുത്തിട്ടില്ല. പ്രതിയായ സജീവന്റെ പറമ്പിലാണ് കാട്ടുപന്നിയെ പിടിക്കാൻ കെണി വച്ചിരുന്നത്.
അതേസമയം അറസ്റ്റിലായവർ കെണി വച്ച് കാട്ടുപന്നികളെ പിടിച്ച് വില്ക്കുന്നവരാണെന്ന് വനപാലകർ പറഞ്ഞു. പ്രതികളെ കേസ് അന്വേഷണ ചുമതലയുള്ള കരുവാരക്കുണ്ട് ഡെപ്യൂട്ടി റെയ്ഞ്ചർക്ക് കൈമാറും. വനം വിജിലെൻസ് ബിഎഫ്ഒമാരായ എഎൻ രജീഷ്, സികെ വിനോദ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
Malabar News: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ







































