കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കർണാടക വനത്തിൽ നിന്നും ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കോളനി നിവാസികളുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് കാട്ടാനകൾ പ്രദേശത്തിറങ്ങിയത്. നിരവധി കർഷകരുടെ കൃഷികൾ കഴിഞ്ഞ ദിവസം കോളനിയിലിറങ്ങിയ കാട്ടാനകൾ നശിപ്പിച്ചു.
കാട്ടാനകളുടെ മുന്നിൽ പെട്ട കോളനി നിവാസികളിൽ ചിലർ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. തുടർന്ന് കോളനി നിവാസികളുടെ നേതൃത്വത്തിൽ ഒച്ചയും ബഹളവും ഉണ്ടാക്കിയാണ് ആനകളെ പ്രദേശത്ത് നിന്നും തുരത്തിയത്. കർണാടക-കേരള അതിർത്തിയിൽ സ്‌ഥാപിച്ച വൈദ്യുത വേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകൾ കോളനിയിൽ പ്രവേശിക്കാൻ കാരണമെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്.
നിലവിൽ ഈ വർഷം ആദ്യമാണ് കോളനിയിൽ കാട്ടാനകൾ ഇറങ്ങുന്നത്. ജനവാസ കേന്ദ്രങ്ങൾക്ക് സമീപം വരെ കാട്ടാനകൾ എത്തിയതോടെ ആളുകൾ ഭയപ്പാടിലാണ്. കോളനിയുടെ ഒരു വശം കർണാടക വനവും മറുഭാഗം തേജസ്വിനിപ്പുഴയുമാണ്. പുഴയ്‌ക്ക് കുറുകെ പാലമില്ലാത്തതിനാൽ കാട്ടാനകൾ വന്നാൽ രക്ഷപ്പെടാൻ പോലും സാധിക്കാത്ത സ്‌ഥിതിയാണെന്ന് കോളനി നിവാസികൾ വ്യക്‌തമാക്കുന്നുണ്ട്.
Read also: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് കുറ്റപത്രം സമർപ്പിച്ചു; സരിത്ത് ഒന്നാം പ്രതി








































