പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കയറംകോടം കണ്ണാടൻചോല അത്താണിപ്പറമ്പിൽ കളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ് (23) ആണ് മരിച്ചത്. അലന്റെ അമ്മ വിജിക്ക് (46) ഗുരുതരമായി പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടിൽ പോയി വരികയായിരുന്നു ഇരുവരും. വരുന്ന വഴി കടയിൽ നിന്ന് പാൽ ഉൾപ്പടെയുള്ള സാധനങ്ങളും വാങ്ങി. വീട് എത്തുന്നതിന്റെ 50 മീറ്റർ മുമ്പാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവം നടന്നയുടൻ ആനയുടെ ചിന്നംവിളി കേട്ടതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതേ കാട്ടാനക്കൂട്ടത്തിന്റെ മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ട വെളിച്ചം മാത്രമാണുണ്ടായിരുന്നത്.
നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവർ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവർ തിരിച്ചറിഞ്ഞത്. അമ്മയെ രക്ഷിക്കുന്നതിനിടെയാണ് അലന് ഗുരുതരമായി പരിക്കേറ്റത്. കുടുംബത്തിന്റെ അത്താണിയാണ് അലന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അച്ഛൻ ജോസഫിന് കൂലിപ്പണിയാണ്. കെട്ടിടം പണിക്ക് പോകുന്ന ജോസഫിന് വല്ലപ്പോഴും മാത്രമാണ് പണി ഉണ്ടാകാറ്.
കൊല്ലം ലുലു മാളിൽ ജോലി ചെയുന്ന അലൻ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരി: ആൻമേരി. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ മാർച്ചും നടത്തും.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!






































