ന്യൂഡെൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ ഏറ്റവും കൂടുതൽ പ്രയോജനം കർഷകർക്കെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും കൃഷിയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസങ്ങൾ കുറക്കുന്നതിന് കാരണമാകുമെന്നും പ്രധാനമന്ത്രി പറയുന്നു. കൂടാതെ, സാങ്കേതിക മുന്നേറ്റങ്ങളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകുന്ന കർഷകർക്ക് പുതിയ വിപണികൾ സൃഷ്‌ടിക്കുന്നതിന് നിയമങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മേഖലയുടെ വളർച്ച കാരണം മറ്റ് മേഖലകളും വളരുന്നത് കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായങ്ങൾക്കിടയിൽ അനാവശ്യ മതിലുകൾ ഉണ്ടാകുമ്പോൾ ഒരു വ്യവസായവും വേണ്ടത്ര വേഗത്തിൽ വളരില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 93ആമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നിയമം വന്നതോടെ കാർഷിക മേഖലക്കും അനുബന്ധ മേഖലകളായ കാർഷിക അടിസ്‌ഥാന സൗകര്യങ്ങൾ, ഭക്ഷ്യ സംസ്‌കരണം, സംഭരണം, ശീതീകരണം എന്നിവക്കിടയിൽ ഉണ്ടായിരുന്ന മതിലുകൾ നീങ്ങിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ പരിഷ്‌കാരങ്ങൾ കർഷകർക്ക് പുതിയ വിപണിയും സാങ്കേതിക വിദ്യയുടെ ഗുണങ്ങളും കൊണ്ടുവരാൻ സഹായിക്കും. ഇതിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് കർഷകർക്കാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
കാർഷിക മേഖലയിൽ ഇതുവരെ സ്വകാര്യ മേഖല ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നും അതിനാൽ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ പുറത്തുള്ളവർക്കും വിൽക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. ഇത് കർഷകരുടെ വരുമാനം കൂട്ടാൻ ഇടയാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.