കോഴിക്കോട്: സ്വർണക്കടത്ത് വിഷയത്തിൽ സ്‌പീക്കറെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് തെളിഞ്ഞാൽ സ്‌പീക്കർ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാകുമോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ വിശദീകരണം തൃപ്‌തികരമല്ല. സ്‌പീക്കർക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിക്കേണ്ട ആവശ്യം ബിജെപിക്കില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപണ വിധേയരായി നിൽക്കുമ്പോൾ സ്‌പീക്കർക്കെതിരെ ആരോപണം ഉന്നയിക്കേണ്ട കാര്യമുണ്ടോ എന്ന് സുരേന്ദ്രൻ ചോദിച്ചു.
Also Read: ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് നടത്തും
സ്‌പീക്കർ നിയമസഭയുടെ പവിത്രതക്ക് കളങ്കമായി മാറിയെന്ന് സുരേന്ദ്രൻ വിമർശിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത് കുമാറുമായി സ്‌പീക്കർക്ക് നല്ല ബന്ധമാണുള്ളതെന്ന് സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണത്തിൽ അത് വെളിപ്പെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട വലിയ അഴിമതിക്കും സ്‌പീക്കർക്ക് പങ്കുണ്ട്. അധികം തുകക്ക് കരാർ നൽകി കമ്മീഷൻ അടിക്കുകയാണ് സ്‌പീക്കർ ഉൾപ്പടെ എല്ലാ സിപിഎം നേതാക്കളും ചെയ്‌തത്. വൈദഗ്ധ്യം ഇല്ലാത്ത മേഖലയിൽ പോലും ഊരാളുങ്കലിന് കരാർ ലഭിച്ചു. ടെൻഡർ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ കരാർ ലഭിച്ചത് അഴിമതിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.