ഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ശക്തിയേറിയ ചുഴലി കാറ്റുകളുണ്ടാകുമെന്ന് പ്രവചനം. ഒപ്പം ശിശിര കാലത്ത് ശക്‌തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്‌ഥ പഠനവിഭാഗം മേധാവി എം.മൊഹാപാത്ര അറിയിച്ചു.
ഒക്‌ടോബർ – നവംബര്‍ മാസങ്ങളില്‍ ശക്‌തമായ തണുപ്പ് അനുഭവപ്പെടും. രാജ്യത്ത് ‘ലാ നിന’ പ്രതിഭാസ സാഹചര്യം ശക്‌തമാണ്. അതിനാല്‍ ശക്‌തമായ ചുഴലികാറ്റുകളും തണുപ്പ് കാലത്ത് പതിവിലും അധികം തണുപ്പും ഉണ്ടാകും. ലാ നിന പ്രതിഭാസം ഉണ്ടാകുന്നത് ഭൂമധ്യ രേഖാ പ്രദേശത്ത് ശാന്ത സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതു മൂലമാണ് . ഇത് എല്ലാ വര്‍ഷവും സംഭവിക്കുന്നതുമല്ല. എല്‍ നിനോ കടുത്ത വരള്‍ച്ചക്കും മഴ കുറയാനും കാരണമാവുമ്പോള്‍ ലാ നിന കനത്ത മണ്‍സൂണ്‍ മഴക്കും തണുപ്പേറിയ മഞ്ഞുകാലത്തിനും ഇടയാക്കും.
നിലവില്‍ ഭൂമദ്ധ്യ രേഖയോട് ചേര്‍ന്ന പസഫിക് സമുദ്ര ഭാഗങ്ങളില്‍ സമുദ്ര താപനില പതിവിലും കുറവാണ്. ഈ സാഹചര്യം തുടരുന്നതിന് അനുസരിച്ച് ലാ നിന സാഹചര്യം ശക്‌തി പ്രാപിക്കുകയും ചെയ്യാം. ഇത് അടുത്ത വര്‍ഷം ആദ്യം വരെ തുടരാം.
Read Also: ജനശതാബ്‌ദി ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പഴയപടി തന്നെ

































