ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളെ പിന്തുണച്ച് കോൺഗ്രസ്. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് പാർട്ടിയുടെ തീരുമാനം. കർഷക അവകാശ (കിസാൻ അധികാർ) ദിനമായി ആചരിക്കുന്ന ജനുവരി 15നാണ് പ്രക്ഷോഭം നടക്കുക.
അതേദിവസം രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തുമെന്നും ഉപരോധിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിലൂടെയും കർഷകർക്ക് അനുകൂലമായി പ്രചാരണം നടത്തും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്‌ഥാന ചുമതലയുള്ള സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ കർഷകർക്കൊപ്പം ഉറച്ച് നിൽക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല പറഞ്ഞു.
കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള അടുത്ത ഘട്ടത്തിലെ ചർച്ച നടക്കുന്ന അതേദിവസം തന്നെയാണ് കോൺഗ്രസ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സർക്കാരും കർഷകരുമായി ഇതുവരെ നടന്ന 8 ചർച്ചകളും പരാജയമായിരുന്നു. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം ആവർത്തിച്ചെങ്കിലും അംഗീകരിക്കാൻ കർഷക സംഘടനകൾ തയാറായില്ല.
Also Read: കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ