മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 49 ആയി. ഏകദേശം 12 ദിവസത്തോളമായി രോഗി ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. രണ്ടുതവണ ആന്റിബോഡി നൽകിയിട്ടുണ്ട്. എന്നാൽ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല.
അതേസമയം, 40 പേരെ കൂടി ഇന്ന് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. 152 പേരാണ് ആകെ സമ്പർക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് നിന്നുള്ളവർ മാത്രമല്ല, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഉള്ളവരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രോഗിയുമായി പ്രൈമറി കോണ്ടാക്‌ട് ഉള്ളവരിൽ ചെറിയ ലക്ഷണങ്ങളുള്ള എട്ടുപേരാണ് ചികിൽസയിൽ ഉള്ളത്.
ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്‌റ്റിഗേഷൻ ആരംഭിച്ചു. വളാഞ്ചേരിയിൽ ഫീവർ സർവൈലൻസും തുടങ്ങി.
റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് യുവതിക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ളിനിക്കിലും 28ന് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിൽസ തേടിയെന്നും പരിശോധനയിൽ വ്യക്‌തമായി. രോഗി പോയ സ്‌ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.
Most Read| എഡിജിപി എംആർ അജിത് കുമാർ കുറ്റവിമുക്‌തൻ; വിജിലൻസ് റിപ്പോർട് കോടതിയിൽ സമർപ്പിച്ചു