നാഗ്‌പൂർ: നിയന്ത്രണരേഖ കടന്ന് പാക്കിസ്‌ഥാനിലേക്ക് പോയ നാഗ്‌പൂർ സ്വദേശിനി സുനിത ജാംഗഡെയെ പാക്കിസ്‌ഥാൻ ഇന്ത്യക്ക് കൈമാറി. ശനിയാഴ്‌ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്‌ഥർ ബിഎസ്എഫിന് കൈമാറിയത്. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർ സുനിതയെ അമൃത്‌സർ പോലീസിനെ ഏൽപ്പിച്ചു. സുനിതയെ കസ്‌റ്റഡിയിൽ എടുക്കാൻ നാഗ്‌പൂരിൽ നിന്നും പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.
നാഗ്‌പൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്ത ശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യും. ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയും ചെയ്യുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ നികേതൻ കദം പറഞ്ഞു. അമൃത്‌സർ പോലീസ് സീറോ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. യുവതിയെ സ്വദേശത്ത് എത്തിച്ചാലുടൻ കേസ് അവിടുത്തെ സ്‌റ്റേഷനിലേക്ക് മാറ്റുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
മേയ് 14നാണ് അതിർത്തി കടന്നതെങ്കിലും മേയ് നാലിന് സുനിത വീടുവിട്ട് ഇറങ്ങിയെന്നാണ് വിവരം. 13 വയസുള്ള മകനൊപ്പം കാർഗിലിൽ എത്തിയ സുനിത, ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നിയന്ത്രണരേഖ കടക്കുകയായിരുന്നു. മടങ്ങിവരാമെന്നും ഇവിടെത്തന്നെ കാത്തുനിൽക്കണമെന്നും മകനോട് പറഞ്ഞ ശേഷമാണ് സുനിത പോയത്.
നിയന്ത്രണരേഖയ്‌ക്ക് അടുത്ത് കുട്ടിയെ ഒറ്റയ്‌ക്ക് കണ്ടതോടെ ഗ്രാമവാസികൾ ലഡാക്ക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്. വൈകാതെ കുട്ടിയേയും നാഗ്‌പൂരിലേക്ക് കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.
നോർത്ത് നാഗ്‌പൂരിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന സുനിത, ഇതിന് മുൻപ് രണ്ടുതവണ പാക്കിസ്‌ഥാനിലേക്ക് പോകാൻ ശ്രമം നടത്തിയിരുന്നെങ്കിലും അട്ടാരി അതിർത്തിയിൽ വെച്ച് മടക്കിയയക്കുകയായിരുന്നു. ഓൺലൈനിലൂടെ പരിചയപ്പെട്ടയാളെ കാണാനാണ് ഇവർ അതിർത്തി കടന്നതെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ