പുതിയ സംരംഭങ്ങൾ തുടങ്ങി വിജയങ്ങൾ കൈവരിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹെയർ ഓയിൽ വിൽപ്പന നടത്തി ജീവിതത്തിൽ വിജയക്കൊടി പാറിച്ച ലണ്ടനിൽ സ്‌ഥിര താമസക്കാരിയായ ഇന്ത്യൻ വംശജയാണ് ഇന്ന് സോഷ്യൽ മീഡിയകളിലടക്കം നിറഞ്ഞുനിൽക്കുന്നത്. എറിം കൗർ ആണ് തന്റെ ഹെയർ ഓയിൽ വിൽപ്പനയിലൂടെ ജീവിതവിജയം നേടിയത്.
ഇതുവഴി 34 കോടി രൂപയാണ് എറിം സമ്പാദിച്ചത്. ‘ബൈ എറിം’ എന്ന് പേരുള്ള ഹെയർ ഓയിൽ വിൽപ്പന 2019ലാണ് എറിം തുടങ്ങിയത്. അഞ്ചുവർഷത്തിനുള്ളിൽ തന്നെ വിപണിയിൽ ഇടം കണ്ടെത്താൻ ബൈ എറിം ബ്രാൻഡിന് സാധിച്ചു. അമ്മയും സഹോദരിയുമില്ലാതെ വളർന്നവർക്ക് വേണ്ടിയാണ് സ്‌നേഹത്തോടെ ഈ ബ്രാൻഡ് സമർപ്പിക്കുന്നതെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ എറിം പറഞ്ഞിരുന്നു.
എറിമിന് എട്ടുവയസുള്ളപ്പോഴാണ് അമ്മയെ നഷ്‌ടപ്പെട്ടത്. സ്‌തനാർബുദം ബാധിച്ചാണ് അമ്മ മരിച്ചത്. അമ്മയുടേതുപോലെ നീണ്ട മുടിയാണ് എറിമിനുമുണ്ടായിരുന്നത്. അമ്മയുടെ മരണശേഷം പലരും എറിനെ തിരിച്ചറിഞ്ഞത് ആ മുടിയിലൂടെ ആയിരുന്നു. അതുകൊണ്ടുതന്നെ മുടി സംരക്ഷിക്കാൻ എറിമിന് അതിയായ താൽപര്യമുണ്ടായി. ഇതോടെ അമ്മയുടെ രീതി അനുകരിക്കാൻ എറിം ശ്രമിച്ചു.
പിന്നീട് മുത്തശ്ശിയാണ് മുടി സംരക്ഷിക്കാൻ എറിമിനെ സഹായിച്ചത്. പല എണ്ണകളും മുടി വളരുന്നതിനായി ഉപയോഗിച്ചു. എന്നാൽ, അതൊന്നും കാര്യമായ ഫലമുണ്ടാക്കിയില്ല. അങ്ങനെയിരിക്കെ മുത്തശ്ശി വ്യത്യസ്‌തമായൊരു എണ്ണയുണ്ടാക്കി. ഇതിലൂടെ മുടികൊഴിച്ചിൽ പൂർണമായും ഇല്ലാതായി. മുടി നന്നായി വളരുകയും ചെയ്‌തു.
ഈ എണ്ണ എന്തുകൊണ്ട് വിപണിയിൽ എത്തിച്ചുകൂടായെന്ന് എറിമിന് തോന്നി. ഇതോടെയാണ് പുതിയ ബ്രാൻഡ് തുടങ്ങാനുള്ള ആശയത്തിലേക്ക് എറിം എത്തിയത്. മുത്തശ്ശി ഉപയോഗിച്ചിരുന്ന അതേ കൂട്ടുകളാണ് എറിം ഹെയർ ഓയിലിലും ഉപയോഗിക്കുന്നത്. നൂറ് ശതമാനവും ആയുർവേദ ചേരുവകൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. മുടിയുടെ വളർച്ചക്ക് ആവശ്യമായ എട്ട് എണ്ണകളുടെ മിശ്രിതമാണ് ഈ ഹെയർ ഓയിൽ എന്ന് എറിം പറയുന്നു.
തുടക്കത്തിൽ സോഷ്യൽ മീഡിയ വഴിയാണ് എറിം ഓയിൽ വിൽപ്പന നടത്തിയിരുന്നത്. 2019ൽ എറിമിന്റെ ഇൻസ്‌റ്റഗ്രാം ഫോളോവേഴ്‌സ് ഒരുലക്ഷം കടന്നു. ഇവരെല്ലാം വലിയ പിന്തുണയാണ് ഹെയർ ഓയിലിന് നൽകുന്നതെന്നും എറിം പറയുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!