കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. തമിഴ്‌നാട് സ്വദേശിനിയായ തുളസിയെയാണ് അധികൃതര്‍ കസ്‌റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍നിന്ന് 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.
തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് തായ് എയര്‍വേഴ്‌സ് വിമാനത്തിലാണ് യുവതി നെടുമ്പാശേരിയിലെത്തിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വിപണിയില്‍ ഇതിന് 35 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കസ്‌റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.
സമാനമായ കഞ്ചാവുകടത്ത് കഴിഞ്ഞമാസവും പിടികൂടിയിരുന്നു. നാലര കോടി രൂപ വിലവരുന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഉത്തരേന്ത്യൻ യുവതികളാണ് മാർച്ച് 19നു പിടിയിലായത്. ഫാഷൻ മോഡലായ രാജസ്‌ഥാൻ ജയ്‌പൂർ സ്വദേശി മാൻവി ചൗധരി, മേക്കപ്പ് ആർട്ടിസ്‌റ്റ് ഡെൽഹി സ്വദേശി ചിബറ്റ് സ്വാന്തി എന്നിവരാണ് അറസ്‌റ്റിലായിരുന്നത്.

ബാങ്കോക്കിൽ നിന്ന് തായ് എയർലൈൻസിൽ എത്തിയവരായിരുന്നു ഇരുവരും. ഇവർ ഏഴര കിലോ വീതം കഞ്ചാവ് കൈവശം വച്ചിരുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങുമ്പോൾ ഒരാൾ വന്ന് കൈപ്പറ്റുമെന്ന് കൊടുത്തു വിട്ടവർ ഇവരെ അറിയിച്ചിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും അങ്കമാലി കോടതിയിൽ ഹാജരാക്കുകയും ജാമ്യം നൽകുകയും ചെയ്‌തിരുന്നു. നിലവിൽ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സൂക്ഷ്‌മമായ പരിശോധനകൾ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
MOST READ | വീട്ടിലെ പ്രസവത്തെ വീണ്ടും ന്യായീകരിച്ച് സമസ്‌ത എപി വിഭാഗം നേതാവ്