നാഗ്പൂർ: ലഖ്നൗവില്‍ പീഡനത്തിന് ഇരയായ യുവതി പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ. 22കാരിയായ നേപ്പാളി യുവതിയാണ് തന്നെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത ആൾക്കെതിരെ പരാതി നൽകുന്നതിന് യുപിയിലെ ലഖ്നൗവിൽ നിന്ന് മഹാരാഷ്ട്രയിലെ നാഗ്പൂർ വരെ എത്തിയത്.
തന്നെ ഉപദ്രവിച്ച വ്യക്തിയുടെ ഭീഷണിയെ തുടർന്നാണ് യുവതി പരാതി നൽകാൻ ലഖ്നൗ പോലീസ് സ്റ്റേഷൻ ഒഴിവാക്കി നാഗ്പൂരിലെത്തിയത്. രാജ്യത്തെ നിയമപ്രകാരം ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ മതി. പിന്നീട് തുടർ നടപടികൾക്ക് സംഭവം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റാൻ സാധിക്കും.
2018ൽ ജോലി തേടിയാണ് ലഖ്നൗവില്‍ എത്തിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഈ വർഷം മാർച്ച് മുതൽ ലഖ്നൗവിലെ ഫൈസാബാദ് റോഡിലെ വാടക ഫ്ളാറ്റിൽ ഒരു വനിതാ സുഹൃത്തിന് ഒപ്പമായിരുന്നു യുവതി താമസിച്ചു പോന്നിരുന്നത്. പ്രതിയായ പ്രവീൺ രാജ്പാൽ യാദവ് എന്നയാളെ സുഹൃത്താണ് വീഡിയോ കോളിലൂടെ പരിചയപ്പെടുത്തിയത്. ഇയാൾ ദുബൈയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
Also Read: സീതാറാം യെച്ചൂരിയും ഡി. രാജയും നാളെ ഹത്രസിലേക്ക്
ഇതിനിടെ സുഹൃത്തായ സ്ത്രീ, പരാതിക്കാരിയായ യുവതിയിൽ നിന്ന് 1.5 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ച യുവതിയെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാര്യം യുവതി പ്രവീണിനോട് പറയുകയും ഇയാൾ ലഖ്നൗവിലെ ഹോട്ടലിൽ യുവതിക്ക് മുറിയെടുത്ത് നൽകുകയും ചെയ്തു. തുടർന്ന് യുവതി ഇവിടേക്ക് താമസം മാറുകയായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ദുബൈയിൽ നിന്നെത്തിയ പ്രവീൺ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പ്രവീണിന്റെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വച്ചും തന്നെ ഉപദ്രവിച്ചതായും ചിത്രങ്ങളും വീഡിയോകളും പകർത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ കോറാഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് ലഖ്നൗവിലെ സ്റ്റേഷനിലേക്ക് മാറ്റും.
Also Read: ടൈറ്റാനിയം അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി