കൊല്ലം: അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിബിൽ കുമാർ (42), കണ്ണൂർ ശ്രീകണ്ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന ഇരുവരും കൃത്യത്തിന് ശേഷം ഒളിവിലായിരുന്നു.
പോണ്ടിച്ചേരിയിൽ മറ്റൊരു വിലാസത്തിൽ താമസിച്ച് വരവെയാണ് പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും അവിടെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. 2006 ഫെബ്രുവരിയിലായിരുന്നു അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൃത്യം നടത്തിയത്.
രഞ്ജിനി അയൽവാസിയായ ദിബിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ദിബിലിൽ നിന്ന് ഗർഭിണിയാവുകയും ഇരട്ട കുട്ടികൾക്ക് ജൻമം നൽകുകയും ചെയ്തു. എന്നാൽ, പിന്നീട് കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാൻ ദിബിൽ തയ്യാറായില്ല. ഇതോടെ യുവതി വനിതാ കമീഷനിൽ പരാതി നൽകിയിരുന്നു. കമ്മീഷൻ ദിബിൽ കുമാറിനോട് ഡിഎൻഎ ടെസ്റ്റിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.
സുഹൃത്തായ രാജേഷും ദിബിലും ഒന്നിച്ചാണ് അവധിക്ക് നാട്ടിലെത്തുന്നത്. യുവതിയുടെ വീട്ടിൽ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ച് കയറിയ പ്രതികൾ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തു. തൊട്ടുപിന്നാലെ ഇരുവരും ഒളിവിൽ പോവുകയും ചെയ്തു. പത്താൻകോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്.
Most Read| ‘ആഗോളതലത്തിലെ വൈറസ് രോഗങ്ങൾ; സംസ്ഥാനം വിലയിരുത്തുന്നു, ആശങ്ക വേണ്ട’






































