അഹമ്മദാബാദ്: നാളെ നടക്കുന്ന രാജ്യാന്തര വനിതാദിന പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുക വനിതാ ഉദ്യോഗസ്‌ഥർ മാത്രം. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ ഉദ്യോഗസ്‌ഥരെ നിയോഗിക്കുന്നത്.
വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ നവസാരി ജില്ലയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന പരിപാടിയിലായിരിക്കും വനിതാ പോലീസ് ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘം സുരക്ഷ ഒരുക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലായാണ് പ്രധാനമന്ത്രി ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗർ ഹവേലിയിലും സന്ദർശനം നടത്തുന്നത്.
നാളെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ലക്ഷ്‌പതി ദീദി സമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. സുരക്ഷയ്‌ക്കായി 2500ഓളം വനിതാ സുരക്ഷാ ഉദ്യോഗസ്‌ഥരേയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ 2100ലധികം കോൺസ്‌റ്റബിൾമാർ, 187 സബ് ഇൻസ്‌പെക്‌ടർമാർ, 61 പോലീസ് ഇൻസ്‌പെക്‌ടർമാർ, 16 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, 5 എസ്‌പിമാർ, ഒരു ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥ എന്നിവരായിരിക്കും ഉണ്ടാവുക.
ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ”ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണിത്. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നത് മുതൽ പരിപാടി നടക്കുന്ന സ്‌ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പോലീസ് ഉദ്യോഗസ്‌ഥർ കൈകാര്യം ചെയ്യും”- ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘവി പറഞ്ഞു.
Most Read| തടിയൊരു പ്രശ്‌നമാകും! രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം