കൊളംബോ: ത്രിരാഷ്‍ട്ര ഏകദിന ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും വിജയക്കൊടി പാറിച്ച് ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൽസരത്തിൽ 15 റൺസിനാണ് വിജയം. ടോസ് നേടി മൽസരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്‌ചിത 50 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ 276 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ഒരുഘട്ടത്തിൽ വിക്കറ്റ് നഷ്‌ടം കൂടാതെ 140 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, അവസാന ഓവറുകളിൽ നാടകീയ ബാറ്റിങ് തകർച്ച നേരിട്ടാണ് 49.2 ഓവറിൽ 261 റൺസിന് പുറത്തായത്. ഇന്ത്യക്കായി സ്‌നേഹ റാണ 10 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ആദ്യ മൽസരത്തിൽ ആതിഥേയരായ ശ്രീലങ്കയെയും ഇന്ത്യ തോൽപ്പിച്ചിരുന്നു.
ഓപ്പണർ ടാസ്‌മിൻ ബ്രിട്‌സിന്റെ സെഞ്ചറി കരുത്തിലായിരുന്നു റൺചേസിൽ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ബ്രിട്‌സ് 107 പന്തിൽ 13 ഫോറും മൂന്ന് സിക്‌സും സഹിതം 109 റൺസെടുത്ത് പുറത്തായി. ക്യാപ്‌റ്റൻ കൂടിയായ സഹ ഓപ്പണർ ലോറ വോൾവോർത്ത് 75 പന്തിൽ മൂന്ന് ഫോറുകളോടെ 43 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 177 പന്തിൽ 140 റൺസ് നേടിയ ഇരുവരും ദക്ഷിണാഫ്രിക്കയ്‌ക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് കരുതിയിരിക്കവെയായിരുന്നു ഇന്ത്യയുടെ ശക്‌തമായ തിരിച്ചുവരവ്.
ഇന്ത്യക്കായി 10 ഓവറിൽ 43 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സ്‌നേഹ റാണയ്‌ക്ക് പുറമെ ഓരോ വിക്കറ്റ് വീഴ്‌ത്തിയ അരുദ്ധതി റെഡ്‌ഡി, എൻ ചരണി, ദീപ്‌തി ശർമ എന്നിവരും തിളങ്ങി. നേരത്തെ, അർധസെഞ്ചറി നേടിയ ഓപ്പണർ പ്രതിക റാവലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ശക്‌തമായ സ്‌കോറിലേക്ക് എത്തിയത്. പ്രതിക 91 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 78 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി.
സ്‌മൃതി മന്ദാന 54 പന്തിൽ 5 ഫോറുകളോടെ 36 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 83 റൺസ് കൂട്ടുകെട്ട് തീർത്തു. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ 48 പന്തിൽ നാല് ഫോറുകൾ സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു. ഹർലീൻ ഡിയോൾ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവരും തിളങ്ങി.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ