കോഴിക്കോട്: എഴുത്തുകാരൻ കണ്ണൻ കരിങ്ങാട് (66) അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് ചങ്ങരംകുളത്തായിരുന്നു താമസം. ‘പൂർവ്വാപരം’, ‘പ്രതിലോകം’ എന്നീ രണ്ട് നോവലുകൾ കൊണ്ട് വായനക്കാരെയും എഴുത്തുകാരെയും വിസ്‌മയിപ്പിച്ച എഴുത്തുകാരനായിരുന്നു കണ്ണൻ കരിങ്ങാട്. കല്ലുവെട്ട് തൊഴിലാളിയായിരുന്നു.
എഴുത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ മടിക്കുകയും അരികുചേർന്ന് ജീവിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പത്ത് പുസ്‌തകങ്ങളിൽ ഒന്നായിരുന്നു ഇദ്ദേഹത്തിന്റെ രചനയായ ‘പൂർവ്വാപരം’. ശേഷം പൂർണ്ണ പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച നോവലാണ് ‘പ്രതിലോകം’. പ്രതിലോകത്തിന് പൂർണ്ണ അവാർഡും ലഭിക്കുകയുണ്ടായി. ‘ഗോമറയിലെ കാമധേനുക്കൾ‘ എന്ന ചെറുകഥയാണ് കണ്ണൻ കരിങ്ങാടിന്റെ കഥാജീവിതത്തിന് വഴിത്തിരിവായത്.
എഴുത്തുകാരൻ എന്നതിലുപരി തിരമാലകളിൽ നിന്ന് വൈദ്യുതി, കാട്ടാനകളെ തുരത്താനുള്ള യന്ത്രം, ഭൂമികുലുക്കം മുൻകൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ അദ്ദേഹം സ്വന്തമായി നിർമിച്ചിട്ടുണ്ട്. സിപിഎം കരിങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായും പുരോഗമന കലാ-സാഹിത്യ സംഘത്തിലും പ്രവർത്തിച്ചിട്ടുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. ജിനീഷ്, ജിഷ എന്നിവർ മക്കളാണ്.
Most Read: കൂനൂർ ഹെലികോപ്റ്റര്‍ അപകടം; ശാസ്‍ത്രീയ പരിശോധന പുരോഗമിക്കുന്നു




































