കൊച്ചി: ഡിജിപി യോഗേഷ് ഗുപ്‌തയ്‌ക്ക് കേന്ദ്ര നിയമനത്തിന് ആവശ്യമായ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനുള്ളിൽ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. യോഗേഷ് ഗുപ്‌തയുടെ ഹരജിയിലാണ് നടപടി.
കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും ക്ളിയറൻസ് സർട്ടിഫിക്കറ്റ് സംസ്‌ഥാനം കൈമാറിയിരുന്നില്ല. സർക്കാരുമായി പ്രശ്‌നങ്ങൾ ഉണ്ടായതോടെയാണ് യോഗേഷ് ഗുപ്‌ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാൽ, കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിന് ആവശ്യമായ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് സംസ്‌ഥാനം തടഞ്ഞുവച്ചു.
സംസ്‌ഥാന സർക്കാരിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥനായ യോഗേഷ് ഗുപ്‌തയ്‌ക്ക് കഴിഞ്ഞ മൂന്നുവർഷത്തിനിടെ ലഭിച്ചത് ഏഴ് സ്‌ഥലം മാറ്റമാണ്. അതിൽ ഏറ്റവും ഒടുവിലായി, കഴിഞ്ഞയാഴ്‌ച റോഡ് സുരക്ഷാ കമ്മീഷണറാക്കി ഉത്തരവ് ഇറങ്ങിയിരുന്നു.
കേരളം വിട്ട് കേന്ദ്ര സർക്കാരിന് കീഴിലുള്ള പദവിയിലേക്ക് മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഉൾപ്പടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സർക്കാർ അംഗീകരിച്ചിരുന്നില്ല. 2022ൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് കേരളത്തിലെത്തിയ യോഗേഷിന് ബീവറേജസ് കോർപറേഷനിൽ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം.
പിന്നീട് പോലീസ് പരിശീലന വിഭാഗം അഡീഷണൽ ഡയറക്‌ടർ ജനറലാക്കി. പോലീസ് അക്കാദമി ഡയറക്‌ടർ, സംസ്‌ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി, ബീവറേജസ് കോർപറേഷൻ എംഡി, വിജിലൻസ് മേധാവി, അഗ്‌നിരക്ഷാ സേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങൾ.
സിവിൽ സർവീസ് ഉദ്യോഗസ്‌ഥർക്ക് ഒരു പദവിയിൽ ചുരുങ്ങിയത് രണ്ടുവർഷ കാലാവധി നൽകണമെന്നാണ് സുപ്രീം കോടതി വ്യവസ്‌ഥ. ഇത് പാലിക്കാതെയുള്ള സ്‌ഥലം മാറ്റങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി വേണമെന്നാണ് ചട്ടമെങ്കിലും സർക്കാർ അത് പാലിക്കാറില്ല.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം