പാറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടിംഗ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന നവംബർ 10ന് ശേഷം ആർജെഡി നേതാവ് തേജസ്വി യാദവിന് മുമ്പിൽ നിതീഷ് കുമാറിന് വണങ്ങേണ്ടി വരുമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.
“പ്രധാനമന്ത്രിയെ വിമർശിക്കുന്നതിൽ നിങ്ങൾക്ക് ഒരിക്കലും മടുപ്പ് തോന്നിയിരുന്നില്ല, എന്നാൽ ഇപ്പോൾ അദ്ദേഹവുമായി വേദി പങ്കിടുമ്പോൾ, അദ്ദേഹത്തിന് മുന്നിൽ കുമ്പിടാൻ നിങ്ങൾക്ക് യാതൊരു മടിയുമില്ല. അധികാരത്തോടും മുഖ്യമന്ത്രി സ്‌ഥാനത്തോടുമുള്ള നിങ്ങളുടെ അത്യാഗ്രഹത്തെ ആണ് ഇത് കാണിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിങ്ങൾ തേജസ്വി യാദവിന് മുന്നിൽ കുമ്പിടുന്നത് കാണാം,”- ചിരാഗ് പാസ്വാൻ പറഞ്ഞു.
#WATCH जिस प्रधानमंत्री जी को आप (नीतीश कुमार) कोसते नहीं थक रहे थे आज उनके साथ मंच पर नतमस्तक होते नहीं थक रहे हैं। ये कुर्सी के प्रति आपका प्रेम और लालच दिखाता है। 10 तारीख के बाद ये तेजस्वी के सामने नतमस्तक होते दिखेंगे: LJP प्रमुख चिराग पासवान pic.twitter.com/Mdf6OGzjAz
— ANI_HindiNews (@AHindinews) November 5, 2020
നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻഡിഎ വിട്ട ചിരാഗ് പാസ്വാന്റെ എൽജെപി ഇത്തവണ ഒറ്റക്കാണ് മൽസരിക്കുന്നത്.
ബിഹാറിൽ 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബർ മൂന്നിന് 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നു. ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. നവംബർ 10നാണ് ഫലപ്രഖ്യാപനം.







































