കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബസിനുള്ളിൽ വെച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്‌പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സാമൂഹിക മാദ്ധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്. വസ്‌തുതാ വിരുദ്ധമായ ആരോപണമാണ് യുവതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്‌തിയായിരുന്നു ദീപക് എന്നും ഇവർ പറയുന്നു. അതേസമയം, യുവതിക്കെതിരെ ആത്‍മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പോലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്.
രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങാണ് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറി.
കോഴിക്കോട്ടെ ഒരു വസ്‌ത്രശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്‌ച സ്‌ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരിൽ പോയിരുന്നു. ഈ സമയം ബസിൽ വെച്ച് അപമര്യാദയായി പെരുമാറി എന്നുകാട്ടിയാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌തത്. ഇത്തരത്തിൽ വീഡിയോ പ്രചരിക്കുന്ന വിവരം മറ്റുള്ളവരിൽ നിന്നാണ് ദീപക് അറിഞ്ഞത്.
ഇതോടെ ദീപക് ഏറെ വിഷമത്തിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 23 ലക്ഷം പേരാണ് ഞായറാഴ്‌ച ഉച്ചവരെ ഈ വീഡിയോ കണ്ടത്. വീഡിയോ സംബന്ധിച്ച വിഷമം ദീപക് ചില സുഹൃത്തുക്കളുമായി ഇന്നലെ വൈകീട്ട് ഫോണിലും മറ്റും സംസാരിച്ചിരുന്നു. യുവാവിനെക്കുറിച്ച് ഇതുവരെ മോശമായി ഒന്നും കേട്ടിട്ടില്ലെന്നാണ് ദീപക് ഏഴുവർഷമായി ജോലി ചെയ്യുന്ന സ്‌ഥാപന ഉടമ പ്രതികരിച്ചത്.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം




































