പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സൗത്ത് സ്‌റ്റേഷന്റെ അകത്തേക്ക് കയറാൻ ശ്രമിച്ച നേതാക്കളെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. സ്‌റ്റേഷന് മുന്നിൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സന്ദീപ് വാര്യരും അടക്കമുള്ള നേതാക്കളാണ് പ്രതിഷേധിക്കുന്നത്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ”ആർഎസ്എസ് മാർച്ച് നടത്തുന്നതിൽ പ്രശ്‌നമില്ല. സന്ദീപ് വാര്യരെ കൊല്ലുമെന്ന് പറഞ്ഞിട്ടും എന്റെ കൈയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടും കേസെടുത്തില്ല. പോലീസ് എന്റെ സ്‌റ്റാഫിനെ കൈയ്യേറ്റം ചെയ്‌തു. പാലക്കാട്ടെ പോലീസിന്റെ ബിജെപി പ്രീണനം കൈയിൽ വെച്ചാൽ മതി. മുനിസിപ്പാലിറ്റി മാത്രമേ ബിജെപി ഭരിക്കുന്നുള്ളൂ. മുനിസിപ്പാലിറ്റിയിലെ സ്‌റ്റേഷൻ ആർഎസ്എസ് അല്ല ഭരിക്കുന്നത്”- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഹെഡ്‌ഗേവാർ വിഷയത്തിലെ പ്രതികരണത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപിക്കാർ കൊലവിളി പ്രസംഗം നടത്തിയിരുന്നു. അതിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് രാവിലെ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ സംഘർഷം ഉണ്ടാവുകയും സന്ദീപ് വാര്യർ ഉൾപ്പടെയുള്ള നേതാക്കളെ വലിച്ചിഴക്കുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
Most Read| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ








































