ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ബിജെപി സർക്കാർ അധികാരത്തിലേറി. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യുംനാം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംച കിപ്ജെൻ ആണ് മണിപ്പൂരിന്റെ പുതിയ ഉപമുഖ്യമന്ത്രി. കഴിഞ്ഞദിവസം പാർട്ടി ആസ്ഥാനത്ത് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് മുൻ മന്ത്രി കൂടിയായ യുംനാം ഖേംചന്ദിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
ആഭ്യന്തര കലാപം രൂക്ഷമായതോടെ 2025 ഫെബ്രുവരി 13നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നത്. പിന്നീട് ആറുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 2023 മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഇതുവരെ 260ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60,000ത്തിലധികം ആളുകൾക്ക് പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.
എംഎൽഎമാരുടെ അവിശ്വാസ പ്രമേയ ഭീഷണിയെ തുടർന്ന് 2025 ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭരണം നടപ്പാക്കിയത്. 2027 വരെ കാലാവധിയുള്ള 60 അംഗ നിയമസഭയെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു.
രാഷ്ട്രപതി ഭരണം പിൻവലിച്ചതോടെ മണിപ്പൂർ നിയമസഭ നിലവിൽ വന്നു. ബിജെപിക്ക് 37 എംഎൽഎമാരാണ് മണിപ്പൂർ നിയമസഭയിൽ ഉള്ളത്. നാഷണൽ പീപ്പിൾസ് പാർട്ടി (ആറ്), നാഗാ പീപ്പിൾസ് ഫ്രണ്ട് (അഞ്ച്), കോൺഗ്രസ് (അഞ്ച്), കുക്കിൽ പീപ്പിൾസ് അലയൻസ് (രണ്ട്), ജെഡിയു (ഒന്ന്) എന്നിങ്ങനെയാണ് അംഗബലം.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































