കീവ്: ഇന്ത്യക്കെതിരായ യുഎസിന്റെ നടപടിയിൽ പിന്തുണയുമായി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി. ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചാണ് സെലൻസ്‌കി രംഗത്തെത്തിയത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നായിരുന്നു സെലൻസ്‌കിയുടെ പ്രതികരണം. യുഎസ് മാദ്ധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സെലൻസ്‌കി ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്. റഷ്യക്കെതിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലൻസ്‌കിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
”റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്”- സെലൻസ്‌കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്‌ചയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെലൻസ്‌കിയുടെ പ്രതികരണം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യക്കുമേൽ ട്രംപ് അധികത്തീരുവ ചുമത്തിയത്. യുക്രൈനെതിരായ ആക്രമണങ്ങൾ തുടരുന്ന റഷ്യ, കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമം തുടരുകയാണ്.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം