പാലക്കാട്: ശമ്പള കുടിശിക കിട്ടാത്തതിനെ തുടർന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിർമ്മാണം തടഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം. 11 മാസത്തെ ശമ്പളക്കുടിശിക ഡിസംബർ 10നുള്ളിൽ നൽകാമെന്നായിരുന്നു കരാർ കമ്പനിയായ കെഎംസി രേഖാമൂലം നൽകിയ ഉറപ്പ്. എന്നാൽ 10നും കുടിശിക കിട്ടാതായതോടെ 11ന് നൂറോളം ജീവനക്കാർ കമ്പനിയുടെ ഓഫീസിലേക്കുള്ള വഴിതടഞ്ഞ് സമരം തുടങ്ങുകയായിരുന്നു.
ശമ്പളം ഉടൻ നൽകാമെന്ന് കമ്പനി പറഞ്ഞെങ്കിലും സമരക്കാർ പിൻമാറിയില്ല. ഈ സമയം കമ്പനിയിൽ പുതുതായി പ്രവേശിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ ആറുവരിപ്പാതയുടെ ഭാഗമായുള്ള വടക്കഞ്ചേരി മേൽപ്പാലത്തിന്റെ നിർമ്മാണം തുടരുന്നുണ്ടായിരുന്നു.
ശമ്പള കുടിശിക സംബന്ധിച്ച് വ്യക്‌തമായ തീരുമാനം ഉണ്ടാവാത്തതിനാൽ ശനിയാഴ്‌ച രാവിലെ സമരക്കാർ വടക്കഞ്ചേരി മേൽപ്പാലത്തിന്റെ ജോലികൾ തടയുകയായിരുന്നു. തുടർന്ന് കമ്പനി അധികൃതർ പോലീസിനെ വിവരമറിയിച്ചു. വടക്കഞ്ചേരി പോലീസ് സ്‌ഥലത്തെത്തി സമരക്കാരെ പിന്തിരിപ്പിച്ചു.
തുടർന്ന്, ശങ്കരംകണ്ണംതോടുള്ള കമ്പനിയുടെ ഓഫീസിൽ വടക്കഞ്ചേരി എസ്‌ഐ എ അജീഷ്, കമ്പനി പ്രൊജക്റ്റ് മാനേജർ ബൽറാം റെഡ്ഡി, പിആർഒ ജി അജിത് തുടങ്ങിയവരുടെ നേതൃത്വത്തിൽ തൊഴിലാളി പ്രതിനിധികളുമായി ചർച്ചനടത്തി. ഈ മാസം 18നുള്ളിൽ രണ്ടു മാസത്തെ ശമ്പളവും ഡിസംബർ അവസാനത്തോടെ കുടിശികയുള്ള ശമ്പളവും നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകി. ഇതോടെ, ജീവനക്കാർ താൽകാലികമായി സമരം പിൻവലിച്ചു.
Malabar News: നിലമ്പൂരില്‍ എംഎല്‍എയെ തടഞ്ഞ സംഭവം; പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട്







































