കോട്ടയത്ത് 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 19 ആയി

By News Desk, Malabar News
Rain In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴക്കെടുതിയിൽ മരണം 19 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ നാല് പേരുമാണ് മരിച്ചത്. ഉരുൾപൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ പത്ത് പേരുടെ മൃതദേഹം കൂടി ലഭിച്ചു. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ, മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്‌ളാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവിടെ കണ്ടെടുത്ത ഒരു സ്‌ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ഇവർക്ക് പുറമേ ഇതേ പഞ്ചായത്തിലെ പ്‌ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (58), മുണ്ടകശ്ശേരി വേണുവിന്റെ ഭാര്യ റോഷ്‌നി (50) എന്നിവരുടെയും മൃതദേഹങ്ങൾ ലഭിച്ചു. ഇവർക്ക് പുറമേ ഏന്തയാറിൽ പിക്കപ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ, കൂവപ്പള്ളിയിൽ നിന്ന് രാജമ്മ എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി. ഇവർ ഒഴുക്കിൽ പെട്ടതാണെന്നാണ് വിവരം.

ഇടുക്കി പീരുമേട് കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ എട്ട് പേരിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജിയുടെ മൃതദേഹവും ലഭിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 19 ആയി.

കോട്ടയം-ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടൽ ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിലെ കൊക്കയാറും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനില്‍ക്കുന്ന പ്രദേശങ്ങളാണിവ. മുന്‍പ് ഒരിക്കലും ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതർക്ക് നാല് ലക്ഷം രൂപ നൽകുമെന്നാണ് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചത്. ഇതിനിടെ സംസ്‌ഥാനത്ത് മഴ നിലക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. വേണ്ടി വന്നാൽ മാറിത്താമസിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: മേഘ വിസ്‌ഫോടനമല്ല; കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം ന്യൂനമർദ്ദവും കാറ്റും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE