പാലക്കാട് : പാലക്കാട് ജംഗ്‌ഷൻ റെയിവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയോടെ വൻ സ്വർണ്ണവേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 16 കിലോ സ്വർണ്ണമാണ് ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചെന്നൈ-ആലപ്പുഴ ട്രെയിനിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഏഴരക്കോടിയോളം വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.
സംഭവത്തെ തുടർന്ന് രേഖകളില്ലാതെ സ്വർണ്ണം കടത്തിയതിന് തൃശൂർ സ്വദേശികളായ നിർമേഷ്(33), ഹരികൃഷ്‌ണൻ(32), ജൂബിൻ ജോണി(29) എന്നിവരെ കസ്‌റ്റഡിയിലെടുത്തു. വിദേശത്ത് നിന്നുള്ള സ്വർണ്ണം ഉൾപ്പടെ ചെന്നൈയിൽ നിന്നും വാങ്ങി തൃശൂരിലെത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. പിടിയിലായ പ്രതികൾ തുടർച്ചയായി ഇതര സംസ്‌ഥാന യാത്ര നടത്തിയിരുന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവർ പതിവായി സംസ്‌ഥാനത്തേക്ക് സ്വർണം കടത്തിയിരുന്നവരാണ് എന്നാണ് വിലയിരുത്തൽ.
മതിയായ രേഖകൾ ഇല്ലാത്തതിനാൽ തന്നെ സ്വർണ്ണക്കടത്ത് ആണെന്നാണ് വിലയിരുത്തൽ. കൂടാതെ വിദേശത്ത് നിന്നും കൊണ്ടുവന്ന 11 സ്വർണ്ണക്കട്ടികൾ കസ്‌റ്റംസിന് കൈമാറിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഏതാനും ദിവസങ്ങളായി സ്‌പെഷ്യൽ സ്‌ക്വാഡുകൾ റെയിൽവേസ്‌റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുകയാണ്. ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡുലെ രോഹിത് കുമാർ, വി സാവിൻ, എൻ അശോക്, പിബി പ്രദീപ്, സി അബ്ബാസ് എന്നിവരുടെ സംഘമാണ് സ്വർണ്ണം പിടികൂടിയത്.
Read also : ഒരു ദിവസം നേടിയത് 2500 കോടി ഡോളര്‍; നേട്ടവുമായി ഇലോണ്‍ മസ്‌ക്





































