കൊല്ലം: മദ്യം നൽകി 16കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പോലീസ് തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
2020 മുതൽ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് 14 വയസുള്ളപ്പോഴാണ് ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് പുകയില ഉൽപന്നങ്ങൾ നൽകിയും പിന്നീട് മദ്യം നൽകിയും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ദരിദ്ര കുടുംബാംഗമായ പെൺകുട്ടിയെ അടുത്തിടെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ലഹരി വിൽപനക്കാരനായ പ്രതി സച്ചു സമാനമായ രീതിയിൽ മറ്റുചില പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. എന്നാൽ, ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Most Read: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കും- ഭക്ഷ്യമന്ത്രി







































