കോഴിക്കോട്: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴകിയ അരി നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള റിപ്പോർട് 5 ദിവസത്തിനകം ലഭിക്കും. വിഷയത്തെ ഗൗരവത്തോടെയാണ് സംസ്‌ഥാന സർക്കാർ കാണുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ജിആർ അനിൽ കോഴിക്കോട് സിവിൽ സ്‌റ്റേഷൻ ഗവ. യുപി സ്‌കൂളിൽ പരിശോധന നടത്തി. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തും പരിശോധന നടത്തി. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്.
സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്നും നാളെയും സംയുക്‌ത പരിശോധനക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാകും പരിശോധന. ഒരാഴ്‌ചക്കുള്ളിൽ സംസ്‌ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.
Most Read: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും