വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളേജ് ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്‌ഥാപനങ്ങളിൽ ഇവർക്ക് മൂന്ന് വർഷത്തേക്ക് പഠനം സാധ്യമാകില്ല.
അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരുപ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീൻ അക്ബർ അലിയാണ് കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇസ്‌ഹാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.
അരുണും അമലും ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്‌പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ആസിഫ് ഖാനെ വർക്കലയിലെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നേരത്തെ ആറുപേർ അറസ്‌റ്റിലായിരുന്നു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി
എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികൾക്കെതിരെ ആത്‍മഹത്യാ പ്രേരണ, റാഗിങ്, മർദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി അഖിലിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വയനാട് ഡിവൈഎസ്‌പി ടിഎൻ സജീവിന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവി മേൽനോട്ടം വഹിക്കും. ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം.
അതിനിടെ, സിദ്ധാർഥന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ്എഫ്ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. വെറ്ററിനറി കോളേജിലേക്ക് പ്രതിഷേധവുമായി ബിജെപിയും യൂത്ത് കോൺഗ്രസും മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഫെബ്രുവരി 18നാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 22നാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ പ്രസിഡണ്ടും അടക്കം 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്. ഹോസ്‌റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്‌നനാക്കി ആയിരുന്നു മർദ്ദനം. രണ്ടു ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദിച്ചു. തുടർന്ന് ഇരുമ്പ് കമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാർഥനെ മർദ്ദിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം കോളേജ് ഡീനിനും ഹോസ്‌റ്റൽ വാർഡനും അറിയാമായിരുന്നുവെന്നും ആരോപണമുണ്ട്.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം








































