പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെ സസ്‌പെൻഡ് ചെയ്‌തു. ഡോ. മുസ്‌തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി.
ചികിൽസാ പ്രോട്ടോകോൾ ലംഘിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഡിഎംഒ നൽകിയ റിപ്പോർട് തള്ളിയാണ് സർക്കാർ നടപടി. സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിൽസാ പിഴവ് ആരോപണത്തിൽ ഡോക്‌ടേഴ്‌സിന് വീഴ്‌ചയില്ലെന്നായിരുന്നു കെജിഎംഒയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, കുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.
വീഴ്‌ചയിൽ പരിക്കേറ്റ് സെപ്‌തംബർ 24നാണ് പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എക്‌സ്‌റേ എടുത്ത് പ്ളാസ്‌റ്ററിട്ട ശേഷം നടത്തിയ പരിശോധനയിൽ രക്‌തപ്രവാഹത്തിനോ ഞരമ്പുകൾക്കോ തകരാർ കണ്ടില്ലെന്ന് പറഞ്ഞു വീട്ടിലേക്ക് അയക്കുകയായിരുന്നു. രക്‌തയോട്ടം നിലച്ച് നീര് വെച്ച് പഴുത്ത സ്‌ഥിതിയിലായ കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മുറിച്ചുമാറ്റിയത്.
സംഭവത്തിൽ പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്‌ടർമാരാണ് അന്വേഷണം നടത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിൽസ ലഭിച്ചിരുന്നുവെന്നും ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട് അന്വേഷണ സമിതി ഡിഎംഒയ്‌ക്ക് സമർപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, അന്വേഷണ റിപ്പോർട് തള്ളി കുടുംബം രംഗത്തെത്തിയിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്