കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടിയിൽ നിന്നും പിടികൂടി. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38), തേഞ്ഞിപ്പലം തലപ്പത്തൂർ നാസിൽ (38) എന്നിവരെയാണ് വാഹന സഹിതം പിടികൂടിയത്. വിദ്യാർഥികൾക്ക് ഇടയിൽ വിൽപ്പനക്കായി കൊണ്ടുവന്ന ബ്രൗൺഷുഗറാണ് കൊണ്ടോട്ടി തുറക്കലിൽ വെച്ച് കൊണ്ടോട്ടി പോലീസും ജില്ല ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
ചില്ലറ മാർക്കറ്റിൽ ഒരു ലക്ഷം രൂപയോളം വിലവരുന്ന 50ഓളം ബ്രൗൺഷുഗർ പാക്കറ്റുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. പിടിയിലായ ഫിറോസിനെ രണ്ടുവർഷം മുൻപ് തേഞ്ഞിപ്പലം പോലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു.
കൊണ്ടോട്ടി ബസ്‌സ്‌റ്റാൻഡും കാലിക്കറ്റ് സർവകലാശാല ക്യാമ്പസും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിപണനം നടക്കുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസമായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും കൊണ്ടോട്ടി, തേഞ്ഞിപ്പലം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള സൂചനകളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ നിരീക്ഷിച്ച് വരികയാണ്.
ജില്ലാ പോലീസ് മേധാവി യു അബ്‌ദുൽ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആന്റി നാർക്കോട്ടിക്‌സ് സെൽ ഡിവൈഎസ്‌പി പിപി ഷംസ്, മലപ്പുറം ഡിവൈഎസ്‌പി പി ഹരിദാസൻ എന്നിവരുടെ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്‌പെക്‌ടർ കെഎം ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർകോട്ടിക്‌സ് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്‌ണൻ മാരാത്ത്, പി സഞ്‌ജീവ് എന്നിവർക്ക് പുറമെ സ്‌റ്റേഷനിലെ എഎസ്ഐ മോഹൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടി കേസിൽ അന്വേഷണം നടത്തുന്നത്.
Read also: കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം; പ്രിയങ്കഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്‌റ്റില്‍