വയനാട്: ജില്ലക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് വൻ പദ്ധതികൾ. കിഫ്ബിയില്‍ നിന്നും 46 സ്കൂള്‍ കെട്ടിടങ്ങള്‍ നിർമിക്കുന്നത് പുരോഗമിക്കുകയാണ്. 84 കോടി രൂപയാണ് ആകെ ചെലവ്. 42 സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്ളാൻ ഫണ്ടില്‍ നിന്നും 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവയുടെ നിർമാണവും പുരോഗമിക്കുന്നു. പഴശ്ശി ട്രൈബല്‍ കോളേജ് ജില്ലയില്‍ ഉടൻ ആരംഭിക്കും.
കൂടാതെ, കാര്‍ഷിക സർവകലാശാല , വെറ്ററിനറി സർവകലാശാല എന്നിവയുടെ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ചെതലയത്തെ ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നിർമാണവും പൂര്‍ത്തീകരിക്കും.
വയനാട്ടെ കോളേജുകളില്‍ കൂടുതല്‍ കോഴ്സുകളും അനുവദിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനന്തവാടി കാമ്പസ്, അക്കാദമിക് ബ്ളോക്ക്-കം-റിസര്‍ച്ച് സെന്റര്‍, പശ്ചിമ ഘട്ട ട്രോപ്പിക്കല്‍ ബയോ ഡൈവേഴ്സിറ്റി സ്റ്റഡി സെന്റര്‍, ഇന്റര്‍ ഡിസിപ്ളിനറി ഇന്റര്‍വെന്‍ഷന്‍ ഇന്‍ എസ് ആൻഡ് ടി എന്നിവയുടെ നിർമാണം ഉടന്‍ പൂര്‍ത്തിയാകും.
ഐഎച്ആർഡിയുടെ കീഴിലുള്ള അപ്ളൈഡ് സയന്‍സ് കോളേജിന് രണ്ടുനിലകൂടി നിർമിക്കും. കല്‍പ്പറ്റ, മാനന്തവാടി ഗവണ്മെന്റ് കോളേജുകളും മീനങ്ങാടി, മാനന്തവാടി പോളിടെക്നിക്കുകളും 21 കോടി രൂപ കിഫ്ബിയില്‍ നിന്ന് ചെലവഴിച്ച് നവീകരിക്കുകയാണ്. ഇവക്ക് പുറമേ വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: കസ്റ്റംസ് കമ്മീഷണർക്ക് നേരെ ആക്രമണ ശ്രമം ; രണ്ടുപേർ പിടിയിൽ






































