ന്യൂഡെൽഹി: 2026 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയും പാക്കിസ്‌ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കും. ഫൈനലിൽ ഒരു ടീമായി പാക്കിസ്‌ഥാൻ വന്നാൽ കൊളംബോ ആയിരിക്കും വേദി.
ടൂർണമെന്റ് ഫെബ്രുവരി ഏഴിന് ആരംഭിച്ച് മാർച്ച് എട്ടിന് അവസാനിക്കും. മുംബൈയിൽ നടന്ന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ്‌ഷയാണ് ടൂർണമെന്റ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യയിൽ അഞ്ചും ശ്രീലങ്കയിൽ മൂന്നും വേദികളാണ് നിശ്‌ചയിച്ചത്.
ഡെൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയം, കൊൽക്കത്ത ഈഡൻ ഗാർഡൻസ്, ചെന്നൈ ചിദംബരം സ്‌റ്റേഡിയം, അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയം, മുംബൈ വാംഖഡെ സ്‌റ്റേഡിയം എന്നിവയാണ് ഇന്ത്യയിലേത്. പല്ലകെലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം, കൊളംബോയിലെ ആർ. പ്രേമദാസ സ്‌റ്റേഡിയം, കൊളംബോയിലെ തന്നെ സിൻഹെയ്‌ലിസ് സ്‌പോർട്‌സ് ക്ളബ് എന്നീ വേദികളാണ് ശ്രീലങ്കയിലുള്ളത്.
ഫെബ്രുവരി ഏഴിന് പാക്കിസ്‌ഥാനും നെതർലൻഡ്‌സും തമ്മിലാണ് ഉൽഘാടന മൽസരം. ഇന്ത്യയും പാക്കിസ്‌ഥാനും ഫെബ്രുവരി 15ന് കൊളംബോയിലെ ആർ. പ്രേമദാസ സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടും. വൈകീട്ട് ഏഴുമണിക്കാണ് മൽസരം. ഫെബ്രുവരി ഏഴിന് മുംബൈയിൽ യുഎസ്എയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മൽസരം.
12ന് ഡെൽഹിയിൽ നമീബിയയുമായും 15ന് കൊളംബോയിൽ പാക്കിസ്‌ഥാനുമായും 18ന് അഹമ്മദാബാദിൽ നെതർലൻഡ്‌സുമായും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. 2024 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയാണ് ബ്രാൻഡ് അംബാസഡർ. എ, ബി, സി, ഡി എന്നിങ്ങനെ ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മൽസരം.
ഇന്ത്യ, പാക്കിസ്‌ഥാൻ, യുഎസ്എ, നെതർലൻഡ്‌സ്, നമീബിയ എന്നീ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. ഓസ്‍ട്രേലിയ, ശ്രീലങ്ക, സിംബാബ്‍വെ, അയർലൻഡ്, ഒമാൻ ടീമുകൾ ഗ്രൂപ്പ് ബിയിൽ. ഇംഗ്ളണ്ട്, വെസ്‌റ്റ് ഇൻഡീസ്, ബംഗ്ളാദേശ്, നേപ്പാൾ, ഇറ്റലി ടീമുകൾ സിയിലും ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്‌ഗാനിസ്‌ഥാൻ, കാനഡ, യുഎഇ ടീമുകൾ ഗ്രൂപ്പ് ഡിയിലുമാണ്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































