മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. 205 കിലോഗ്രാം കഞ്ചാവുമായി 3 പേരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. പാലക്കാട് കുടുംബ ബന്ധങ്ങളുള്ള കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കോയമ്പത്തൂർ കുനിയംപുത്തൂർ സ്വദേശി മുരുകേശൻ (48), ആലുവ സ്വദേശി പുത്തൻമാളിയേക്കൽ നൗഫൽ (48) എന്നിവരാണ് അറസ്‌റ്റിലായത്.
ഒഡിഷയിൽ നിന്നും ലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. അന്താരാഷ്‌ട്ര വിപണിയിൽ ഇതിന് ഒരു കോടിയോളം രൂപ വിലവരുമെന്ന് പോലീസ് വ്യക്‌തമാക്കി. ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവർ സീറ്റിന് പിന്നിലായുള്ള അറയിലും പുറത്ത് ക്യാബിന് മുകളിലുമായി നിശ്‌ചിത തൂക്കത്തിൽ പ്ളാസ്‌റ്റിക്കിൽ പൊതിഞ്ഞശേഷം ചാക്കുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചരുന്നത്.
ഒഡിഷയിൽ നിന്നും കിലോഗ്രാമിന് 3,000 രൂപ നിരക്കിലാണ് ഇവർ കഞ്ചാവ് വാങ്ങുന്നത്. തുടർന്ന് കേരളത്തിലെയും, തമിഴ്‌നാട്ടിലെയും മൊത്തവിൽപന സംഘങ്ങൾക്ക് വിൽക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. കരിങ്കല്ലത്താണിയിൽ നിന്ന് പെരിന്തൽമണ്ണ എസ്ഐ സികെ നൗഷാദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ അറസ്‌റ്റിലായത്. കൂടാതെ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി കസ്‌റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: നികുതി ഭീകരത; ഇന്ധന വിലവർധനയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം





































