തിരുവനന്തപുരം: ഇന്ധന വിലവർധന നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഭീകരതയാണ് നടക്കുന്നത്. 110 രൂപയ്‌ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ നികുതിയാണ്. ഇത് നിശ്‌ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണ കമ്പനികളല്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി.
വില കൂടിയപ്പോൾ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം എടുത്തിരുന്നതായും നാല് തവണ ഇത്തരത്തില്‍ വേണ്ടെന്ന് വെച്ചതായും ഷാഫി പറമ്പില്‍ സഭയെ അറിയിച്ചു. കോൺഗ്രസിനെതിരെ പറയുന്നതിൽ പകുതിയെങ്കിലും ബിജെപിക്കെതിരെ പറയാൻ ഭരണപക്ഷം തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, ഇന്ധന വില കുത്തനെ ഉയരുമ്പോഴും സംസ്‌ഥാനം നികുതി കുറയ്‌ക്കാത്തതാണ് പ്രശ്‌നം എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. മറ്റു പല സംസ്‌ഥാനങ്ങളും നികുതി ഉയർത്തിയപ്പോൾ കേരളം മാറ്റം വരുത്തിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുഡിഎഫ് നികുതി കുറച്ചുണ്ടായ നഷ്‌ടം പിന്നീട് വർധിപ്പിച്ച് തിരിച്ചു പിടിച്ചുവെന്ന് മന്ത്ര സഭയിൽ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് നികുതി വർധിച്ചത് 94 ശതമാനം ആണെന്നും 13 തവണ നികുതി കൂട്ടിയത് മറക്കരുതെന്ന് മന്ത്രി ഓർമിപ്പിച്ചു. എൽഡിഎഫ് കാലത്ത് 15 ശതമാനം മാത്രമാണ് നികുതി. എൽഡിഎഫ് സർക്കാർ നികുതി കൂട്ടിയിട്ടില്ല, മറിച്ച് മുമ്പത്തെക്കാൾ കുറയ്‌ക്കുകയാണ് ചെയ്‌തതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
ഇന്ധനവില വർധന ഗൗരവമുള്ള വിഷയം തന്നെയാണ്. കേരളത്തിൽ മാത്രമല്ല എല്ലാ സംസ്‌ഥാനങ്ങളിലും പെട്രോൾ വില വർധനവുണ്ട്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ സംസ്‌ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഇന്ധന വില നിയന്ത്രണം പെട്രോളിയം കമ്പനികൾക്ക് നൽകിയത് യുപിഎ സർക്കാരാണെന്നും കേന്ദ്ര സർക്കാരിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: കുഞ്ഞിനെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് നൽകി അനുപമ; സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി