ശ്രീനഗര്‍: കശ്‌മീരില്‍ 3 ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചു കൊന്നു. യൂത്ത് ജനറല്‍ സെക്രട്ടറിയടക്കം ഉള്ളവരെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. കശ്‌മീരിലെ കുല്‍ഗാമിലാണ് ആക്രമണം നടന്നത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം.
കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുക ആയിരുന്നു. ആക്രമണം നടന്നുവെന്ന് പൊലീസിന് സന്ദേശം ലഭിച്ചുടന്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിജെപി യൂത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ യാടൂ, ഉമര്‍ റാഷിദ് ബെയ്ഗ്, ഉമര്‍ റംസാന്‍ ഹജാം, എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയ ഭീകരര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
Read Also: ജാമിയയിലെ റെയ്‌ഡ് തടഞ്ഞു; എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ കേസ്
സംഭവത്തില്‍ അപലപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുള്ള പ്രതികരിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് കുല്‍ഗാമില്‍ നിന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തിയും സംഭവത്തെ അപലപിച്ചു ട്വീറ്റ് ചെയ്‌തു.