കോഴിക്കോട്: മൂന്ന് മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ബീച്ചിൽ തകർന്ന കടൽഭിത്തിയുടെ കല്ലുകൾക്കിടയിൽ കുടുങ്ങിയ 8 വയസുകാരനെ രക്ഷപ്പെടുത്തി. മുട്ടുങ്ങൽ വരാന്റെ തയ്യിൽ ഷാഫിയുടെയും മുബീനയുടെയും മകൻ സിയാസ് ആണ് ശനിയാഴ്‌ച വൈകിട്ട് 6 മണിയോടെ കൂറ്റൻ കല്ലുകൾക്കിടയിൽ കുടുങ്ങിയത്.
പുറത്തെടുത്ത സിയാസിന് പരിക്കുകളൊന്നും ഇല്ല. കടൽത്തീരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കല്ലുകൾക്കിടയിലേക്ക് പന്തെടുക്കാൻ പോയപ്പോഴാണ് സിയാസ് അപകടത്തിൽപ്പെട്ടത്. മൂന്ന് കല്ലുകൾക്കിടയിലെ ഒഴിവിലേക്കാണ് പന്ത് പോയത്. ഇതിലേക്ക് ഇറങ്ങിയപ്പോൾ കുടുങ്ങിയതാണെന്ന് കരുതുന്നു.
സമീപവാസിയായ സഹൽ സമീർ എന്ന 7 വയസുകാരനാണ് കല്ലുകൾക്കിടയിൽ കുടുങ്ങിയ സിയാസിനെ ആദ്യം കാണുന്നത്. തുടർന്ന് സഹൽ വീട്ടിലും മറ്റും വിവരം അറിയിച്ചു. നാട്ടുകാർ കുട്ടിയെ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വടകര സ്‌റ്റേഷൻ ഓഫിസർ കെ അരുണിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം കല്ലുകൾ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ചുറ്റുമുള്ള കല്ലുകൾ ഇളകിയാൽ അത് അപകടകരമാകും എന്നതിനാൽ തന്ത്രം മാറ്റി.
തുടർന്ന് വടകരയിൽനിന്ന് കരിമ്പന ക്രെയിൻ സംഘത്തെയും ഹിറ്റാച്ചിയും രാത്രി എട്ടുമണിയോടെ സ്‌ഥലത്തെത്തിച്ചു. സിയാസ് കുടുങ്ങിയതിന് മുകളിലുള്ള മൂന്ന് കൂറ്റൻ കല്ലുകൾ മാറ്റുകയായിരുന്നു പ്രധാന ദൗത്യം. ഇത് ഉയർത്തുമ്പോൾ സമീപത്തുള്ള കല്ലുകൾ സിയാസിനരികിലേക്ക് വീഴാതിരിക്കാൻ ഓരോ കല്ലും ബെൽറ്റിട്ട് കുടുക്കിയശേഷം ക്രെയിൻ കൊണ്ട് ഉയർത്തിമാറ്റി. ഒടുവിൽ 8.50ഓടെയാണ് സിയാസിനെ പുറത്തെടുത്തത്.
പുറത്തെടുത്തശേഷം വടകര ആശ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും കാര്യമായ പ്രശ്‌നമില്ലാത്തതിനാൽ തിരിച്ചുപോയി. കെകെ രമ എംഎൽഎ, പഞ്ചായത്ത് അധികൃതർ, വടകര പോലീസ്, റവന്യൂ അധികൃതർ എന്നിവരും സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
Most Read: പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു








































