റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. അന്വേഷണ ഏജൻസികൾ തലയ്‌ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്‌റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പടെയുള്ളവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.
ഛത്തീസ്‌ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ കൂടുതൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടതായി സംസ്‌ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ അറിയിച്ചു.
സംസ്‌ഥാനത്ത് ഒരുമാസത്തിനിടെ സിആർപിഎഫും സംസ്‌ഥാന പോലീസും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിൽ 31 മാവോയിസ്‌റ്റുകളെയാണ് വധിച്ചത്. 214 ഒളിത്താവളങ്ങൾ നശിപ്പിച്ചു. സ്‍ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.
മുതിർന്ന മാവോയിസ്‌റ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഛത്തീസ്‌ഗഡ് പോലീസിന്റെ റിസർവ് ഗാർഡ് (ഡിആർജി) അംഗങ്ങൾ വനമേഖലയിൽ പരിശോധന നടത്തിയത്. തുടർന്ന് മാവോയിസ്‌റ്റുകൾ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയും തിരിച്ചടിക്കുകയുമായിരുന്നു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബസവരാജ് നിരോധിത സംഘടനയായ കമ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാവോയിസ്‌റ്റ്) യുടെ ജനറൽ സെക്രട്ടറി ആയിരുന്നു. 1970 മുതൽ നക്‌സൽ പ്രവർത്തനങ്ങളിൽ സജീവമാണ്.
Most Read| മിസൈലുകളെ തടയും; ‘ഗോൾഡൻ ഡോം’ പ്രതിരോധ സംവിധാനവുമായി യുഎസ്