പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പട്ടാമ്പി മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണാഭരണങ്ങളും 16,000 രൂപവും മോഷണം പോയതായാണ് വിവരം. അബൂബക്കറിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ പോയതായിരുന്നു അബൂബക്കറും കുടുംബവും. തിരിച്ചു വരാൻ വൈകിയതോടെ ബന്ധുവീട്ടിൽ താമസിച്ചു. ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ഇന്ന് രാവിലെ ജോലിക്കാരി എത്തിയപ്പോൾ വീടിന്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടു. എന്നാൽ, വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഉടൻ തന്നെ ജോലിക്കാരി അബൂബക്കറെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. അയൽവാസി സൂക്ഷിക്കാൻ നൽകിയത് ഉൾപ്പടെയുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് അബൂബക്കർ പറയുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| നീറ്റ് പരീക്ഷാ ക്രമക്കേട്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി







































