ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ യുഎഇ സന്ദര്‍ശനത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആറ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളിലാണ് ഇദ്ദേഹം ഒപ്പുവെച്ചത്.
ഇതുവഴി 14,700 പേര്‍ക്ക് തൊഴില്‍ ലഭിക്കും. വരുംമാസങ്ങളില്‍ കൂടുതല്‍ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിന് പറഞ്ഞു. ലുലുഗ്രൂപ്പുമായി 3500 കോടിയുടെ നിക്ഷേപ കരാറിലാണ് ഒപ്പുവെച്ചത്. 2500 കോടി നിക്ഷേപത്തില്‍ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യ സംസ്കരണശാലയും ലുലു തമിഴ്നാട്ടില്‍ സ്ഥാപിക്കും.
നോബിള്‍ സ്റ്റീല്‍സുമായി 1000 കോടിയുടെയും ടെക്സ്റ്റൈൽ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്പനിയായ ‘ഷറഫ്’ ഗ്രൂപ്പ് എന്നിവയുമായി 500 കോടി രൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും സ്റ്റാലിന് പറഞ്ഞു.
Read Also: ലോകായുക്ത ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും








































