തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും ക്യാബിനറ്റ് പരിഗണനക്കെത്തുന്നത്. സിപിഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കും എന്നുള്ളത് പ്രധാനമാണ്.
നേരത്തെ ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമർശിച്ചിരുന്നു. ഓർഡിനൻസ് അംഗീകരിച്ചതിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പാർട്ടിക്ക് വിഷയത്തിൽ എതിരഭിപ്രായം ഉണ്ടെന്ന് പറഞ്ഞിരുന്നു.
തർക്കത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് അറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. സിപിഐ മന്ത്രിമാർ എതിരഭിപ്രായം പറഞ്ഞാലും മിനുട്ട്സിൽ എതിർപ്പ് രേഖപ്പെടുത്തുന്ന പതിവില്ല. മന്ത്രിസഭാ യോഗത്തിന് മുൻപ് സിപിഐ നേതൃത്വം വീണ്ടും പാർട്ടി മന്ത്രിമാർക്ക് നിർദ്ദേശം നൽകാനും സാധ്യതയുണ്ട്.
Read Also: ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസിക്ക് നാളെ തുടക്കം