തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 5 ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൽസ്യത്തൊഴിലാളികൾ വെള്ളിയാഴ്‌ച വരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ ശക്‌തമായതോടെ തൃശൂർ പൂമല ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. 1,2,3,4 സ്‌പിൽവേ ഷട്ടറുകൾ കാൽ ഇഞ്ച് വീതമാണ് തുറന്നത്. 29 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിൽ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. മലവായ് തോടിൽ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ തോടിന്റെ ഇരുവശത്തും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് 41.9 അടിയായി ഉയർന്നിട്ടുണ്ട്. 42.3 അടിയാണ് പരമാവധി സംഭരണ ശേഷി. ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതേസമയം, വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കണ്ണൂർ പയ്യന്നൂരിൽ ശക്‌തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. മാവിച്ചേരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുളങ്ങര യശോദയുടെ വീടാണ് ഇന്ന് പുലർച്ചെ തകർന്നത്.
ടിവിയടക്കമുള്ള ഉപകരണങ്ങളും നാഴിച്ചിട്ടുണ്ട്. ആളപായമില്ല. കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ ശക്‌തമായ മഴ തുടരുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർഗോഡ് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടർന്ന് ഒരു വീട്ടില്‍ വെള്ളം കയറി, കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ മലയോര മേഖലകളിലും മഴ ശക്‌തമാണ്. കനത്ത മഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്‌കൂളുകൾക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. ജില്ലയിലെ തിരുവമ്പാടിയിൽ ശക്‌തമായ മഴയിൽ വീട് തകർന്നു. താഴെ തിരുവമ്പാടി, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. കോഴിക്കോട് പതങ്കയം വെളളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു. ദുരന്ത നിവാരണ സേനയുടെ നേതൃത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
പാലക്കാട് നെല്ലിയാമ്പതിയിലും ശക്‌തമായ മഴയുണ്ടായി. പുലർച്ചെ തുടങ്ങിയ മഴ തുടരുകയാണ്. രണ്ട് വീടുകളിൽ വെള്ളം കയറി. കോട്ടയത്ത് ശക്‌തമായ മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. പാലാ ഇടനാട് പാറത്തോട് ശ്രീനിവാസന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ഇടുക്കിയിലെ ഹൈറേഞ്ചേ് മേഖലകളിൽ മഴ കൂടുതൽ ശക് മാകുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മുരിക്കാശ്ശേരി, ദേവികുളം മേഖലകളിലാണ് കനത്ത മഴ തുടരുന്നത്.
Most Read: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 31 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം