ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ ഞായറാഴ്‌ച മാത്രം കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത് 50 ഡോക്‌ടർമാരാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഇതോടെ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കോവിഡിനെ തുടർന്ന് ജീവൻ നഷ്‌ടമായ ആകെ ഡോക്‌ടർമാരുടെ എണ്ണം 244 ആയി ഉയർന്നു. അതേസമയം കോവിഡിന്റെ ഒന്നാം തരംഗത്തിൽ രാജ്യത്ത് മരണപ്പെട്ടത് 736 ഡോക്‌ടർമാർ ആണെന്നും ഐഎംഎ വ്യക്‌തമാക്കുന്നുണ്ട്.
കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരിച്ചത് ബീഹാറിൽ നിന്നുമാണ്. 69 ഡോക്‌ടർമാരാണ് ബീഹാറിൽ മരണപ്പെട്ടത്. കൂടാതെ ഉത്തർപ്രദേശിൽ 34 ഡോക്‌ടർമാരും, ഡെൽഹിയിൽ 27 ഡോകട്ർമാരും കോവിഡിനെ തുടർന്ന് മരണത്തിന് കീഴടങ്ങി. മരണപ്പെട്ട ഡോക്‌ടർമാരിൽ 3 ശതമാനം പേർ മാത്രമാണ് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്.
നിലവിൽ രാജ്യത്തെ പ്രതിദിന രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കോവിഡ് ബാധിതരായി രാജ്യത്ത് മരണപ്പെടുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. 4,329 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുള്ള ഏറ്റവും ഉയർന്ന കോവിഡ് മരണ കണക്കുകളാണിത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,63,533 പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും 4,22,000 ആളുകൾ കോവിഡ് മുക്‌തരാകുകയും ചെയ്‌തു.
Read also : ബാറ്ററി മോഷ്‌ടിച്ചെന്ന് ആരോപണം; ബിഹാറിൽ ദളിത് കുട്ടികൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം