ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ രാജസ്‌ഥാനിലെ ജയ്‌സാൽമീറിൽ നടന്ന 55ആംമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം, ഉപയോഗിച്ച ഇലക്‌ട്രിക് വാഹനങ്ങൾ വ്യക്‌തികൾ വിൽപ്പന നടത്തുകയാണെങ്കിൽ ജിഎസ്‌ടി ഉണ്ടാവില്ല. പുതിയ ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്‌ടി 5 ശതമാനമാണ്.
50 ശതമാനത്തിൽ കൂടുതൽ ഫ്‌ളൈ ആഷ് (ചാരം) അടങ്ങിയ എഎസി ബ്ളോക്കുകളുടെ ജിഎസ്‌ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു. ഇത് നിർമാണ മേഖലക്ക് ഗുണകരമാകും. ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളിൽ മന്ത്രിതല സമിതിയുടെ റിപ്പോർട് ലഭിച്ച ശേഷം തീരുമാനമെടുക്കാൻ കൗൺസിൽ തീരുമാനിച്ചു. നഷ്‌ടപരിഹാര സെസ്സിന്റെ കാലാവധി 2024 31ൽ നിന്ന് 2025 ജൂൺ വരെ നീട്ടാനും കൗൺസിൽ ശുപാർശ ചെയ്തേക്കും.
ഭക്ഷ്യ വസ്‌തുക്കളുടെ കാര്യത്തിലും സുപ്രധാന തീരുമാനങ്ങൾ ഉണ്ടായി. പോഷകാംശങ്ങൾ ചേർത്ത അരികളുടെ ജിഎസ്‌ടി നിരക്ക് ഉപയോഗം പരിഗണിക്കാതെ അഞ്ച് ശതമാനമായി ഏകീകരിച്ചു. റെഡി-ട്ടു- ഈറ്റ് പോപ്‌കോണിന്റെ കാര്യത്തിൽ, ഉപ്പിന്റെയും മസാലകളുടെയും മിശ്രിതമാണെങ്കിൽ, പാക്ക് ചെയ്യാത്ത രൂപത്തിൽ അഞ്ച് ശതമാനവും പാക്ക് ചെയ്‌ത രൂപത്തിൽ 12 ശതമാനവും ജിഎസ്‌ടി ഈടാക്കും. എന്നാൽ, കാരമൽ പോലുള്ള മധുരമുള്ള പോപ്‌കോൺ, മിഠായി വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ 18 ശതമാനം ജിഎസ്‌ടി ഈടാക്കും.
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി പ്ളാറ്റുഫോമുകളുടെ ജിഎസ്‌ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറക്കാനുള്ള നിർദ്ദേശവും പരിഗണനയിലുണ്ട്. ഇവ കൂടാതെ, ആഡംബര വസ്‌തുക്കളായ വാച്ചുകൾ, പേനകൾ, ഷൂസുകൾ, വസ്‌ത്രങ്ങൾ എന്നിവയുടെ നികുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദ്ദേശവും കൗൺസിലിന്റെ പരിഗണനയിലുണ്ട്.
Most Read| നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും; കരാറിൽ ഒപ്പുവെച്ചു