കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി (60) യുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
മാനസിക വിഭ്രാന്തി നേരിടുന്ന സ്‌ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നാലെ മനസിന് താളംതെറ്റിയ നിലയിൽ കണ്ടെത്തിയ റോസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്‌റ്റുമോർട്ടം ഉടൻ നടക്കും.
കറുക്കുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പയ്യപ്പള്ളി വീട്ടിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കറുക്കുറ്റി ചീനിയിൽ താമസിക്കുന്ന ആന്റണി, റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് ഇന്നലെ മരിച്ചത്. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നു. വിഷാദ രോഗത്തിന് ചികിൽസ തേടുന്ന അമ്മൂമ്മക്ക് അരികിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.
വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽവാസി മണി ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച കുഞ്ഞിനെ അച്ഛൻ ആന്റണി തോളിൽ കിടത്തിയിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ എന്തോ കടിച്ചു എന്നായിരുന്നു മറുപടി. ഉടൻ മണി കുട്ടിയേയും മാതാപിതാക്കളെയും കാറിൽ കയറ്റി അപ്പോളോ ആശുപത്രിയിലേക്ക് പോയി.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു. അതോടെയാണ് അടിമുടി ദുരൂഹത ഉണ്ടായത്. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും എല്ലാം അടങ്ങുന്ന കുടുംബമാണ് ആന്റണിയുടേത്.
കുഞ്ഞിനെ രാവിലെ അമ്മൂമ്മയ്‌ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മ ഭക്ഷണം എടുക്കാൻ അടുക്കളയിൽ പോയി തിരിച്ചുവന്നപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. അമ്മൂമ്മ കുഞ്ഞിനെ പരിക്കേൽപ്പിച്ചെന്നാണ് പോലീസ് സംശയിക്കുന്നത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































