കീവ്: റഷ്യ ആക്രമണം തുടരുന്നതിനിടെ യുക്രൈനിൽ 64 പേർ കൂടി കൊല്ലപ്പെട്ടതായി യുഎൻ. കൂടാതെ 240ഓളം സാധാരണക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നും യുഎൻ പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്. റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇതുവരെ 1,60,000 പേർ അഭയാർഥികളായെന്നും അധികൃതർ വ്യക്‌തമാക്കി.
യുക്രൈനിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പലായനം ചെയ്യുന്നത് പോളണ്ടിലേക്കാണ്. ഏകദേശം 5 ദശലക്ഷം ആളുകൾ റഷ്യയുടെ ആക്രമണത്തെ തുടർന്ന് അഭയാർഥികൾ ആയേക്കുമെന്നാണ് സൂചന. കൂടാതെ നിലവിൽ റഷ്യൻ സൈന്യത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നും രാജ്യത്തേക്കുള്ള റെയിൽവേ ലൈനുകൾ യുക്രൈൻ തകർക്കുകയും ചെയ്‌തു.
അതേസമയം യുക്രൈൻ പിടിച്ചടക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വളഞ്ഞാക്രമിക്കുകയാണ് റഷ്യൻ സൈന്യം. യുക്രൈന്റെ തലസ്‌ഥാന നഗരമായ കീവിൽ വലിയ സംഘർഷമാണ് നടക്കുന്നത്. യുദ്ധത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ അർദ്ധ രാത്രിയിലും കീവിൽ വെടിവെപ്പും, ഷെല്ലാക്രമണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. നിലവിൽ സപ്പോരിജിയ ആണവ നിലയം ലക്ഷ്യമിട്ടാണ് റഷ്യൻ സൈന്യം നീങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയങ്ങളിൽ ഒന്നാണ് സപ്പോരിജിയ.
യുദ്ധം തുടങ്ങി ഇതുവരെ 198 പേർ മരണപ്പെട്ടതായും, ആയിരത്തിൽ അധികം ആളുകൾക്ക് പരിക്കേറ്റതായും യുക്രൈൻ ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മരണപ്പെട്ടവരിൽ കുട്ടികൾ ഉൾപ്പടെയുള്ളവർ ഉണ്ടെന്നും, 30ലധികം കുട്ടികൾ ഇതുവരെ റഷ്യൻ ആക്രമണത്തിന് ഇരയായെന്നും യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു.
Read also: വന്യജീവി ആക്രമണത്തിന് ഇരകളായവർക്ക് നഷ്‌ടപരിഹാരം മാർച്ച് മുതൽ; മന്ത്രി എകെ ശശീന്ദ്രൻ







































