കോഴിക്കോട്: 18നും 44 വയസിനുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകാനുള്ള യജ്ഞത്തിന്റെ ഭാഗമായി 96 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 7264 പേർ വാക്സിൻ സ്വീകരിച്ചു. ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് വേഗത്തിൽ തന്നെ വാക്സിൻ ലഭ്യമാക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക യജ്ഞം നടത്തിയത്.
പദ്ധതിയുടെ ഉൽഘാടനം ബീച്ച് ജനറൽ ആശുപത്രി പരിസരത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടത്തിയത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനമാണ് പ്രത്യേക യജ്ഞം നടത്തിയതിലൂടെ ജില്ല കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
വെള്ളയിൽ നിന്നുള്ള പതിനെട്ടുകാരൻ നസറുദ്ദീൻ മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വാക്സിൻ സ്വീകരിച്ചതോടെയാണ് യജ്ഞത്തിന് തുടക്കമായത്. ജില്ലാ മെഡിക്കൽ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, നാഷണൽ ട്രസ്റ്റ് എൽഎൽസി, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്.
Read Also: ദ്വീപ് ജനതയെ കുടിയിറക്കാൻ ശ്രമം; ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട്







































